ഋതുയോഗം എന്ന പാഠത്തിന്റ ആശയം എഴുതുക
Answers
Answer:
ഇന്ദ്രനെ യുദ്ധത്തിൽ സഹായിക്കാനായി പോയി തിരിച്ചു വരുന്ന വഴി കാശ്യപാശ്രമത്തിൽ വെച്ച് ദുഷ്യന്തൻ, "ചാപല്യമരുത്, ജാതിസ്വഭാവം കാണിക്കരുത് " എന്നിങ്ങനെയുള്ള ശബ്ദം കേട്ട് തിരിഞ്ഞു നോക്കുന്നു. ഒരു ബാലനെ കാണുന്നു. അവൻ മുലകുടിച്ചുകൊണ്ടിരിക്കുന്ന സിംഹക്കുട്ടിയുടെ കഴുത്തിലെ രോമങ്ങൾ പിടിച്ചുവലിച്ച് രസിക്കുകയാണ്. വാ പിളർന്ന് അതിന്റെ പല്ലെണ്ണുവാനും ശ്രമിക്കുന്നു.
ധീരനായ ആ ബാലനെ കണ്ടതോടെ ദുഷ്യന്തനിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത വികാരവായ്പുകൾ ഉണ്ടാകുന്നു. ആളിപ്പടരുവാനായി വിറകും കാത്തുകിടക്കുന്ന തീപ്പൊരിയാണ് അവനെന്നും ഏതോ തേജസ്വിക്ക് പിറന്നവനാണെന്നും രാജാവ് ഊഹിച്ചു. മറ്റൊരു കളിവസ്തു തരാമെന്ന് താപസിമാർ പറഞ്ഞപ്പോൾ അവൻ കൈകൾ നീട്ടി. നീട്ടിയ കൈകളിൽ രാജാവ് ചക്രവർത്തി ലക്ഷണം കാണുന്നു.
കളിക്കോപ്പിനായി നീട്ടിയ കൈ തുടുത്തിരിക്കുന്നു. അതിലെ വിരലുകൾ വിളക്കി ചേർത്ത് തിരിച്ചറിയാനാകാത്തവിധം ഇടതൂർന്ന് വളർന്നിരിക്കുന്നു. അത് കണ്ടാൽ പ്രഭാതത്തിൽ ഇതളുകൾ ഏതെന്നറിയാത്തവിധം ചുവന്ന് തുടുത്ത് വിരിഞ്ഞുനിൽക്കുന്ന ചെന്താമര പോലെ തോന്നും. താപസിമാർ പലവട്ടം ശ്രമിച്ചിട്ടും ബാലൻ അനുസരിക്കുന്നില്ല. പൂപോലുള്ള പല്ലുകൾ കാട്ടി, കാരണമില്ലാതെ ചിരിച്ചും അവ്യക്തമായി എന്തൊക്കെയോ പറഞ്ഞും കൊണ്ട് അവൻ എല്ലാവരുടെയും മടിയിൽ കയറി രസിക്കുന്നു. അവന്റെ ശരീരത്തിലുള്ള ചെളി അവരുടെ ദേഹത്തിലേക്കും പകരുന്നത് കാണുന്ന ദുഷ്യന്തൻ ആ ജനങ്ങളെല്ലാം എത്ര ഭാഗ്യവാന്മാർ എന്ന് വിഷാദിക്കുന്നു. -- താപസിമാർ വികൃതിയായ ബാലനെ അനുസരിപ്പിക്കാൻ ദുഷ്യന്തനോടപേക്ഷിച്ചു. ബാലനെ ചേർത്തുപിടിച്ച് ദുഷ്യന്തൻ പറഞ്ഞു:
ചന്ദനമരത്തെ പാമ്പിന്റെ കുഞ്ഞ് ദുഷിപ്പിക്കുന്നതുപോലെ ആശ്രമവിരുദ്ധമായ പ്രവൃത്തികൾ ചെയ്തുകൊണ്ട് വിശുദ്ധരായ മഹർഷി പാരമ്പര്യത്തെ ദുഷിപ്പിക്കരുത്. താപസിമാർ അവൻ മഹർഷി പുത്രനല്ലെന്ന് രാജാവിനെ തിരുത്തി. അത് അവനെ കണ്ടാൽ അറിയാമെന്നും ആശ്രമപരിസരത്തായത് കൊണ്ട് സംശയിച്ചതാണെന്നും രാജാവ് പറഞ്ഞു.
ഇവന്റെ ഗോത്രമേതെന്ന് തനിക്കറിഞ്ഞുകൂട. എന്നിട്ടും അവനെ സ്പർശിക്കുമ്പോൾ തനിക്കിത്രയും ആനന്ദമുണ്ടാകുന്നു. അപ്പോൾ ഇവനെ ആലിംഗനം ചെയ്യുന്ന ഒരു പിതാവിന് എത്ര മാത്രം നിർവൃതി കിട്ടുന്നുണ്ടായിരിക്കും.
രണ്ടുപേരുടേയും മുഖച്ഛായ താപസിമാരുടെ ശ്രദ്ധയിൽപ്പെടുന്നു. അവൻ “പുരുവംശത്തിൽ പിറന്നവനാണെന്ന് കൂടി താപസിമാർ പറഞ്ഞതോടെ വെറുതെയല്ല രണ്ടുപേർക്കും ഒരേ മുഖച്ഛായ എന്ന് രാജാവ് ചിന്തിച്ചു.
മുൻകാലങ്ങളിൽ പോയ ഏതെങ്കിലും പൂർവികന്റെ കുഞ്ഞായിരിക്കാം ഈ ബാലൻ എന്ന് ദുഷ്യന്തൻ വിചാരിച്ചു.
ബാലൻ അപ്സരസംഭവനാണെന്നും മാതാവ് അവനെ കാശ്യപാശ്രമത്തിൽ പ്രസവിച്ചതാണെന്നും താപസിമാർ പറഞ്ഞതോടെ ദുഷ്യന്തന്റെ സംശയങ്ങൾക്ക് ആക്കം കൂടി. ദുഷ്യന്തൻ അവളെ ഉപേക്ഷിച്ച രാജർഷിയുടെ പേര് ചോദിക്കുന്നു. ധർമ്മപത്നിയെ ഉപേക്ഷിച്ച രാജാവിന്റെ പേര് പറയാൻ കൂടി മടിയുണ്ട് എന്ന് താപസിമാർ പറഞ്ഞു.
ഇതിനിടെ മയിലുമായി വന്ന ഒന്നാം താപസി "ശകുന്തലാസ്യം' കണ്ടോ എന്ന് ചോദിച്ചപ്പോൾ ബാലൻ "എവിടെ എന്റെ അമ്മ" എന്ന് പറഞ്ഞതോടെ കുട്ടിയുടെ അമ്മയുടെ പേര് ശകുന്തള എന്ന് തന്നെയായിരിക്കുമോ എന്ന സംശയം ദുഷ്യന്തനിൽ ബലപ്പെട്ടു.
വീണ്ടും ഉണ്ടാകുന്ന സംഭവങ്ങളെല്ലാം ഈ സംശയത്തിന്ന് ആക്കം കൂട്ടുന്നു. കുട്ടിയുടെ കയ്യിൽ നിന്ന് വീണ അപരാജിതയന്ത്രം ദുഷ്യന്തൻ എടുക്കുന്നുവെങ്കിലും താപസിമാർ സംശയിച്ച പോലെ ദുഷ്യന്തന് ഒന്നും സംഭവിച്ചില്ല. കുട്ടിയുടെ അച്ഛനോ അമ്മയോ, താപസിയോ അല്ലാതെ അത് ആരെടുത്താലും ഉടൻ തന്നെ അത് സർപ്പമായി കടിക്കും എന്നായിരുന്നു താപസി പറഞ്ഞത്. താപസി പറഞ്ഞപോലെ ഒന്നും സംഭവിച്ചു കാണാത്തതിനാൽ ദുഷ്യന്തന്റെ സംശയമെല്ലാം മാറി. നമുക്കൊരുമിച്ച് അമ്മയുടെ അടുത്ത് പോകാം എന്നായി ദുഷ്യന്തൻ അപ്പോൾ "താനല്ല എന്റെ അച്ഛൻ ദുഷ്യന്തനാണ്" എന്ന് ബാലൻ പറയുന്നു.
ആ സമയത്താണ് ശകുന്തള കാര്യമറിയാതെ രംഗത്ത് വരുന്നത്. അവളെക്കണ്ട് രാജാവ് ചിന്തിച്ചു: മലിന വസ്ത്രധാരിയും, വ്രതാനുഷ്ഠാനത്തിൽ ക്ഷീണിതയും, തലമുടി ഒന്നായി മെടഞ്ഞിട്ടിരിക്കുന്നവളും ആയ ശകുന്തള ദുഷ്ടനായ തന്റെ വരവും കാത്ത് വിയോഗദീക്ഷയോടെ കാത്തിരിക്കുകയാവാം.
ശകുന്തളയ്ക്ക് ദുഷ്യന്തനെ കണ്ട് മനസ്സിലാവുന്നില്ല. എങ്കിലും തന്റെ ആര്യപുത്രനെന്ന സംശയം ബലപ്പെടുന്നു. പക്ഷെ രാജാവ് ശകുന്തളയെ തിരിച്ചറിഞ്ഞു. രാജാവ് ഇപ്രകാരം ശകുന്തളയോട് പറഞ്ഞു. ഗ്രഹണം കഴിഞ്ഞു ചന്ദ്രൻ രോഹിണിയോട് ചേരുന്നപോലെ, മോഹാന്ധകാരത്തിൽ നിന്ന് മുക്തനായ എന്റെ മുന്നിൽ നീയെത്തിയിരിക്കുന്നു. ശകുന്തള തൊണ്ടയിടറിക്കൊണ്ട് ആര്യപുത്രന് വിജയമാശംസിച്ചു. ഇടയ്ക്ക് വെച്ച് നിർത്തുന്നു. അത് കണ്ട് രാജാവ് പറഞ്ഞു: നിന്റെ ജയാശംസകൾ ഗദ്ഗദത്താൽ പുറത്ത് വരാതെ പോകുന്നു. എങ്കിലും താംബൂലത്തിന്റെ ചുവപ്പില്ലാത്ത നിന്റെ അധരശോഭ എനിക്ക് കാണാൻ കഴിഞ്ഞല്ലോ.
ദുഷ്യന്തൻ ശകുന്തളയുടെ കാൽക്കൽ വീണു പറഞ്ഞു. താൻ തള്ളിക്കളഞ്ഞു എന്ന പരിഭവം മനസ്സിൽ വയ്ക്കരുത്. അന്ന് എന്റെ മനസ്സ് എന്തോ മാലിന്യത്താൽ മന്ദിച്ചിരുന്നു. ബുദ്ധിമാന്ദ്യം സംഭവിച്ചവർ മംഗളകാര്യങ്ങൾ വരുമ്പോഴും ഈ രീതിയിലൊക്കെയായിരിക്കും പെരുമാറുക. കണ്ണുകാണാത്തവന്റെ തലയിൽ വീഴുന്ന പൂമാല പോലും അവൻ പാമ്പാണെന്ന് കരുതി തട്ടിക്കളയുമല്ലോ. ദുഷ്യന്ത രാജാവിന് പിന്നീട് തന്നെ ഓർമ്മവന്നതെങ്ങനെയാണെന്ന ചോദ്യത്തിന് രാജാവ് മറുപടി പറയുന്നു. അന്ന് എന്റെ ബുദ്ധിഭ്രമം മൂലം നിന്റെ കണ്ണുനീർ വകവച്ചില്ല. ഇന്ന് ഞാനെന്റെ കൈകൾ കൊണ്ട് ഞാനാ കണ്ണീർ തുടച്ചു പശ്ചാത്താപം ചെയ്യട്ടെ. രാജാവ് കണ്ണീർ തുടയ്ക്കുമ്പോൾ ശകുന്തള മുദ്രമോതിരം കാണുന്നു. വസന്താഗമത്തിൽ വള്ളി പൂചൂടുന്നത് പോലെ, ശകുന്തള തന്നോട് ചേർന്നതിന്റെ അടയാളമായി ആ മോതിരം ശകുന്തളയോട് ധരിക്കാൻ രാജാവ് ആവശ്യപ്പെട്ടെങ്കിലും ആ മോതിരത്തിൽ തനിക്ക് വിശ്വാസമില്ലെന്നും അത് ദുഷ്യന്തൻ തന്നെ ധരിച്ചാൽ മതിയെന്നും ശകുന്തള പറയുന്നു.
ഈ സമയത്താണ് മാരീചനും ദക്ഷപുത്രിയായ അദിതിയും കടന്ന് വരുന്നത്. തുടർന്ന് ദുഷ്യന്തനും ശകുന്തളയും പുത്രനും കൂടി കാശ്യപന്റെ അനുഗ്രഹം വാങ്ങാൻ പോകുന്നു. ദുഷ്യന്തനെ കാശ്യപൻ ഭാര്യ അദിതിക്ക് പരിചയപ്പെടുത്തി ഇപ്രകാരം പറയുന്നു:
അല്ലയോ, പത്നി ദാക്ഷായണി, നിന്റെ പുത്രനായ ഇന്ദ്രനെ യുദ്ധത്തിൽ സഹായിക്കാനായി പോയി ജയിച്ചു വരുന്ന ദുഷ്യന്തനാണ് ഇദ്ദേഹം. ഇദ്ദേഹത്തിന്റെ കുലവില്ലിന്റെ സാമർത്ഥ്യം ഒന്നുകൊണ്ടു തന്നെ ഇന്ദ്രൻ വിജയിച്ചു.
ദുഷ്യന്തനും ശകുന്തളയും പുത്രനും മാരീച ദാക്ഷായണിമാരുടെ പാദങ്ങളിൽ നമസ്കരിക്കുന്നു. മാരീചൻ അവരെ അനുഗ്രഹിക്കുന്നു. -- ഇന്ദ്രതുല്യനായ ഭർത്താവും, ഇന്ദ്രന്റെ മകൻ ജയന്തന് തുല്യനായ മകനും...ഇതിനപ്പുറം എന്ത് ആശിസ് പറയാനാണ്. ഇന്ദ്രപതി ശചീദേവിയെ പോലെ നീയും ആകട്ടെ. നീ ഭർത്താവിനാൽ ആദരിക്കപ്പെടട്ടെയെന്നും പുത്രൻ ദീർഘായുസ്സുള്ളവനായി മാതൃവംശത്തേയും പിതൃവംശത്തേയും സന്തോഷിപ്പിക്കട്ടെ എന്ന് അദിതിയും ശകുന്തളയെ അനുഗ്രഹിക്കുന്നു.