ഊഞ്ഞാലില് എന്ന കവിതയുടെ ആശയം
Answers
ഊഞ്ഞാലിൽ
മാമ്പൂവനിൻറെ ഓർമ്മ എന്നതിനു പകരം ഓർമ്മ മുരളുക എന്നു പ്രയോഗിക്കുമ്പോൾ അവിടെ വണ്ടിൻറെ സാന്നിധ്യം കൂടി കൊണ്ടു വരുന്നു. മാമ്പഴക്കാലം തേടിപ്പറക്കുന്ന ഈ വണ്ട് പിന്നീട് പിപി രാമചന്ദ്രനിലും (മാമ്പഴക്കാലം) നാം കാണുന്നുണ്ട്. ജീവിതമധുമാസത്തിലേക്കു വീണ്ടുമെത്തിക്കുന്ന മാമ്പൂവിൻറെസുഗന്ധം. ഒരു വാക്ക് സന്ദർഭത്തിൽ നിന്ന് പുതിയഅർഥങ്ങൾ കൈവരിക്കുന്നതു നോക്കുക. പൂവ് പ്രണയത്തിന്റെ അടയാളമാണ് ലോകത്തെവിടെയും. എന്നാൽ നമുക്ക് മാമ്പൂവ് നൽകുന്ന അനുഭൂതി സവിശേഷമാണ്. കാമദേവൻറെ പ്രധാന ആയുധങ്ങളിലൊന്ന് മാമ്പൂവാണല്ലോ. ഇത് നമുക്കു മാത്രം കിട്ടുന്ന അർഥമാണ്. ഒരു വിദേശിക്ക് ഇത് ലഭിക്കില്ല. മാമ്പൂവിൻറെ നിശ്വാസവും നിലാവും കാറ്റുമെല്ലാം ചേർന്ന പ്രണയത്തിൻറെ ഈ ഉദ്ദീപനവിഭാവങ്ങളാണ് വാർദ്ധക്യത്തിലും അയാളെ പ്രണയതരളിതനാക്കുന്നത്. കാറ്റ് എന്നു പ്രത്യേകം പറയാതെ വീശുമീ നിലാവ് എന്നു പ്രയോഗിച്ചതു നോക്കുക.
മാങ്കനികളിൽ നിന്നു മാമ്പൂവിലെത്തിച്ചേരുക എന്നു പ്രയോഗിച്ചതിലെ ഭംഗി ശ്രദ്ധിക്കുക. മാങ്കനി കുട്ടിക്കാലത്തിൻറെയും മാമ്പൂവ് അനുരാഗത്തിൻറെയും അടയാളമായി മാറുന്നു.
ഗന്ധങ്ങളുടെ മാത്രമല്ല ദൃശ്യങ്ങളുടെയും കവിയാകുന്നു വൈലോപ്പിള്ളി. മാലയിൽ വെള്ളിത്താലി കോർത്തതിനോട് ഊഞ്ഞാലിലിരിക്കുന്ന വൃദ്ധയെ സാദൃശ്യപ്പെടുത്തുന്നു. മാവിൽ തൂക്കിയിട്ട വലിയ താലിയായി ഊഞ്ഞാൽ മാറുന്നു. താലി ദാമ്പത്യത്തിൻറെ പ്രസിദ്ധമായ ചിഹ്നം കൂടിയാണല്ലോ. വീണ്ടും ഗ്രാമത്തെ വലിയൊരു നൃത്തമണ്ഡപമായി ചിത്രീകരിക്കുന്നു. ആതിരപ്പെണ്ണ് നർത്തകിയും അമ്പിളി വിളക്കും നാട്ടിൻപുറം ആയിരം കാൽമണ്ഡപമാകുന്ന അരങ്ങുമായി വിശാലമായ ക്യാൻവാസിൽ വരച്ച ചിത്രം. വൻനഗരത്തിലുള്ള മകൾ പോലും സ്വപ്നം കാണുന്നത് ദു:ഖങ്ങൾ ഏറെയുള്ളതും അതേസമയം ജീവിതോല്ലാസത്തിൻറെ വേരുറപ്പുള്ളതുമായ ഗ്രാമത്തെയാണ്.
നാട്ടിൻപുറത്തെക്കുറിച്ച് കവിയുടെ കാഴ്ചപ്പാട് പ്രത്യക്ഷപ്പെടുന്നത് നോക്കുക.
പാഴ്മഞ്ഞാൽ ചൂളീടിലും പഞ്ഞത്താൽ വിറയ്ക്കിലും പാടുന്നു കേട്ടീലേ നീ പാവങ്ങളയൽ സ്ത്രീകൾ
കന്നിക്കൊയ്ത്തിൽ ഏതു ദുരിതത്തെയും നർമ്മത്തിൽ അലിയിച്ചു കളയുന്ന ഗ്രാമീണസ്ത്രീകളെക്കുറിച്ചുള്ള സൂചന നോക്കുക. ധീരംവായ്ക്കുന്നു കണ്ണുനീർക്കുത്തിൽ നേരമ്പോക്കിൻറെ വെള്ളിമീൻ ചാട്ടം.
അതു പോലെ തന്നെ,
അത്തലിൻ കെടുപായലിൻ മീതെ ഉൾത്തെളിവിൻറെ നെല്ലിപ്പൂന്തോട്ടം.
ഇങ്ങിനെ ദു:ഖത്തിലും നർമ്മം കണ്ടെത്തുന്ന ഗ്രാമജീവിതമനോഭാവത്തെക്കുറിച്ച് വൈലോപ്പിള്ളി പലപ്പോഴും പാടുന്നു. പാഴ്മഞ്ഞും പഞ്ഞവുമെങ്കിലും ഗ്രാമത്തിൻറെ ചുണ്ടുകളിൽ ഇപ്പോഴും പാട്ടുകളുണ്ട്. ഗ്രാമജീവിതത്തിൻറെയും കാർഷികസംസ്കൃതിയുടെയും ആവർത്തനതാളമാണ് കവിയുടെ ദർശനത്തെ രൂപപ്പെടുത്തുന്നത്. ജീവിതത്തെ ഒറ്റയൊറ്റയിൽ കാണേണ്ടതല്ലെന്ന കന്നിക്കൊയ്ത്തിലെ വരികൾ ശ്രദ്ധിക്കുക.
ആകയാലൊറ്റയൊറ്റയിൽ കാണു-
മാകുലികളെ പാടിടും വീണേ
നീ കുതുകമോടാലപിച്ചാലും
ഏകജീവിതാനശ്വരഗാനം. കൊയ്ത്താണതിലെ പ്രമേയം. അത് പിന്നീട് കാലമെന്ന (കാലൻ) മഹാകൊയ്ത്തുകാരനെക്കുറിച്ചായിത്തീരുന്നു. നിത്യവും ജീവിതം വിതയേറ്റി മൃത്യകൊയ്യും വിശാലമാം പാടം. ജീവിതത്തിൻറെ അർഥമെന്തെന്ന അന്വേഷണത്തിന് വൈലോപ്പിള്ളി കണ്ടെത്തുന്ന ഉത്തരമാണ് ഈ ആവർത്തനം. ജീവിതം ഒരു മഹാപ്രവാഹമാണ്. നമ്മുടെ ജീവിതം തന്നെയാണ് അടുത്ത തലമുറയിലും ആവർത്തിക്കുന്നത്. ഒരു കടാക്ഷം കൊണ്ടു സ്വർഗം പണിയുന്ന തൻറെ മുന്നിലുള്ള പെൺകുട്ടി പോലും മരണത്തിനു കീഴടങ്ങിയേക്കാം. എങ്കിലും ഭാവിയിൽ മറ്റൊരു സുന്ദരി ഇതേ കൊയ്ത്തുപാടത്ത് കൊയ്യുന്നുണ്ടാവും. അവർ പഴയജീവിതത്തിൻറെ ആവർത്തനം മാത്രം.
നിങ്ങൾ താനവരിന്നത്തെ പാട്ടിൽ
നിന്നു ഭിന്നമല്ലന്നെഴും ഗാനം. എന്ന വരികൾ ശ്രദ്ധിക്കുക.
ജീവിതത്തിന് നിഗ്രഹോൽസുകതയും സൃഷ്ടിപരതയുമുണ്ട്. അതിൽ സൃഷ്ടിപരതയെ പിന്തുടരാനാണ് കവി പറയുന്നത്. കൊല്ലാനും ശസ്ത്രക്രിയയിലൂടെ ഉണക്കാനും കത്തിക്കു കഴിയും. കയർ ഒരേസമയം നശിപ്പിക്കാൻ കഴിയുന്ന കുരുക്കും അതേ സമയം ആനന്ദത്തിലേക്കു നയിക്കുന്ന ഉപാധിയുമാകുന്നു. കൊലക്കുടുക്കാവും എന്നു പ്രയോഗിച്ചിരിക്കുന്നതിലൂടെ മരണത്തിലേക്കു പ്രേരിപ്പിക്കുന്ന അനേകം അനുഭവങ്ങൾ നമ്മുടെ ജീവിത്തിലുണ്ടാകുന്നു എന്ന സൂചന നൽകുന്നു. എന്നാൽ കയറിനെ ഊഞ്ഞാലാക്കുകയാണ് കവിതയിലെ വൃദ്ധദമ്പതികൾ. യുദ്ധകാലമാണ് കവിതയുടെ പശ്ചാത്തലം. പോരിൻ വേട്ടപ്പക്ഷിയായി വരുന്ന യുദ്ധവിമാനത്തെക്കുറിച്ചുള്ള സൂചന നോക്കുക. യുദ്ധത്തെക്കുറിച്ചുള്ള കവിയുടെ കാഴ്ചപ്പാട് ശ്രദ്ധിക്കേണ്ടതാണ്. എല്ലാവരും യുദ്ധത്തെ മഹാദുരന്തമായി കാണുമ്പോൾ ജീവിതത്തെ അനുസ്യൂതമായ പ്രവാഹമായി കാണുന്ന കവി അവയെ ചരിത്രത്തിൻറെ ചില ദുസ്വപ്നങ്ങളായി മാത്രമേ കാണുന്നുള്ളൂ.
മാവുകൾപൂക്കും മാനത്തമ്പിളി വികസിക്കും
മാനുഷർ പരസ്പരം സ്നേഹിക്കും വിഹരിക്കും മനുഷ്യജീവിതത്തെ സമഗ്രമായി കണ്ടുകൊണ്ടുള്ള ഈ പ്രതീക്ഷ വൈലോപ്പിള്ളിയുടെ സവിശേഷതയാണ്. വാർധക്യത്തിൻറെ അനേകം അസ്വാരസ്യങ്ങളിലും ഒരൊറ്റ പാട്ട് കവിയെ ആനന്ദത്തിൻറെ ഊഞ്ഞാലിലേറ്റുന്നു. ആ പാട്ടിലൂടെ സൃഷ്ടിക്കുന്ന അലൗകിക അന്തരീക്ഷം ആ നിലാവുവീണ മുറ്റത്തെ കണ്വാശ്രമമാക്കി മാറ്റുന്നു. നരബാധിച്ച വൃദ്ധയെ ശകുന്തളയാക്കുന്നു. ഭാവനയിലൂടെ മറ്റൊരു ലോകം സൃഷ്ടിക്കാൻ കവിക്കു കഴിയുന്നു.
ജീവിതത്തിൻറെ ബാക്കിപത്രമെന്തെന്ന ചോദ്യം വൈലോപ്പിള്ളിയിലുണ്ട്. നാം ഇതുവരെ ജീവിച്ചുതീർത്ത അനുഭവങ്ങളുടെ സ്മൃതിയാണത്. ആദ്യത്തെ വിദ്യാലയദിനമാകാം. ആദ്യ ഉടുപ്പുകളാവാം. ആദ്യശിക്ഷയാകാം, ആദ്യപ്രണയമോ ആദ്യചുംബനമോ ആവാം. വേർപാടുകളുടെയും നഷ്ടങ്ങളുടെയും നിമിഷങ്ങളുമാവാം. ഇത്തരം ചിലനിമിഷങ്ങളാണ് നമ്മുടെയൊക്കെ ജീവിതത്തിലെ ആകെത്തുക. സന്ദർഭങ്ങളെ തിരുത്തിയാണ് നിമിഷങ്ങളെ കവി തെരഞ്ഞെടുക്കുന്നത്. ഉജ്ജ്വലമുഹൂർത്തിൽ ഇത്തരമൊരു നിമിഷത്തെയാണ് അവതരിപ്പിക്കുന്നത്. കുടമറച്ചു പിടിച്ച് പ്രണയിനി നൽകിയ ഒരു ചുംബനം കൊണ്ട് വഴിയാത്രയുടെ ക്ഷീണം അലിയിച്ചുകളയുന്നത് ‘ചുംബന’ത്തിൽ നാം കാണുന്നു. മരണത്തിൻറെ പിന്നാലെ പോകുമ്പോൾ കവി ഗൂഢമായി കൈയിലെടുത്തത് തൻറെ ആദ്യപ്രണയിനിയുടെ ഓർമ്മകളാണ്.
Answer: