കീറിപ്പൊളിഞ്ഞ ചകലാസ് എന്ന ശീർഷകത്തിന്റെ ഔചിത്യം വ്യക്തമാക്കുക.
Answers
കുടുംബബന്ധങ്ങള്‍ ശിഥിലമാവുന്ന ഇക്കാലത്ത് വളരെ പ്രസക്തമായ ഒരു കഥയാണ് 'കീറിപ്പൊളിഞ്ഞ ചകലാസ്'. ഈ കഥയിലെ നായകനായ ഗോപി നീണ്ട അഞ്ചരവര്‍ഷത്തിനു ശേഷമാണ് ഗ്രാമത്തിലെ തന്റെ വീട്ടിലെത്തുന്നത്. ഉയര്‍ന്ന ജോലിയുള്ള, വിദ്യാസമ്പന്നനായ അയാള്‍ ദീര്‍ഘകാലമായി നഗരത്തില്‍ത്തന്നെയാണ് താമസം. ഓര്‍മ്മ നഷ്ടപ്പെട്ട അമ്മയും അവരെ ശുശ്രൂഷിച്ചു കഴിഞ്ഞുകൂടുന്ന വിധവയായ സഹോദരി കമലവുമാണ് വീട്ടിലുള്ളത്. അമ്മയെ അന്വേഷിക്കാതെ, ഒരു കത്തുപോലും എഴുതാതെ നഗരത്തില്‍ ജീവിക്കുന്ന ഗോപിയുടെ രീതിയോട് അല്‍പ്പംപോലും താല്‍പ്പര്യം കമലത്തിനില്ല. അതവര്‍ പല ഘട്ടങ്ങളിലും പ്രകടമാക്കുന്നുണ്ട്. നഗരത്തില്‍ കഴിയുന്ന തന്റെ കുടുംബത്തിന്റെ സാമ്പത്തികനില ഭദ്രമാക്കാന്‍വേണ്ടി തന്റെ ഓഹരി വില്‍ക്കാനാണ് ഗോപി വന്നിരിക്കുന്നത്. കുറിക്കുകൊള്ളുന്ന സംഭാഷണങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഓര്‍മ്മ നഷ്ടപ്പെട്ട അമ്മയുടെ വാക്കുകള്‍ക്ക് ചെവികൊടുക്കാന്‍പോലും മകന്‍ തയാറാവുന്നില്ല. പണ്ടെങ്ങോ ഗോപി കൊണ്ടുവന്ന ചകലാസ് (കമ്പിളിപ്പുതപ്പ്) കീറിപ്പറിഞ്ഞുപോയെന്നും ചുവന്ന നിറത്തിലുള്ള പുതിയതൊരെണ്ണം വേണമെന്നും അമ്മ പറയുന്നത,് വീട്ടില്‍വന്നത് ഗോപിയാണെന്ന് തിരിച്ചറിയാതെയാണ്. സ്‌നേഹത്തിന്റെ പ്രതീകമാണ് കഥയിലെ പുതപ്പ്. ഹൃദയബന്ധത്തിന്റെ നിറമാണ് ചുവപ്പ്. കീറിപ്പറിഞ്ഞുപോയ കമ്പിളിപ്പുതപ്പ് തകര്‍ന്നുപോയ ബന്ധങ്ങളുടെ സൂചനയുമാണ്. ഓര്‍മ്മ നഷ്ടപ്പെട്ടെങ്കിലും അമ്മ എപ്പോഴും മകനെ ഓര്‍ത്തുകൊണ്ടിരിക്കുന്നു. ഓര്‍മ്മയുണ്ടെങ്കിലും മകന്‍ അമ്മയെക്കുറിച്ച് ഓര്‍ക്കുന്നതുപോലുമില്ല. പുതിയ കാലത്തിന്റെ സവിശേഷതയാണിത്. ഉറ്റബന്ധങ്ങള്‍പോലും വിസ്മരിക്കപ്പെട്ടുപോകുന്നു. അമ്മയുടെ മറവി പ്രായാധിക്യത്തിന്റേതാണ്. എന്നാല്‍ മകന്റേത് മനഃപൂര്‍വമുള്ളതാണ്. അമ്മയെ തിരിഞ്ഞുനോക്കാത്ത മകനെ തിരിച്ചറിയാന്‍ അമ്മയ്ക്ക് കഴിയുന്നില്ല. പുതിയകാലത്ത് ശിഥിലമായിപ്പോകുന്ന ബന്ധങ്ങളുടെ പ്രതീകമാണ് 'കീറിപ്പൊളിഞ്ഞ ചകലാസ്'. അതുകൊണ്ടുതന്നെ കഥയ്ക്ക് ഏറ്റവും അനുയോജ്യമാണ് ഈ ശീര്‍ഷകം.
മാധവിക്കുട്ടിയുടെ കഥകള്‍ മനുഷ്യബന്ധങ്ങളുടെ ആവിഷ്‌കാരങ്ങളാണ്. നെയ്പ്പായസം, കോലാട്, കടലിന്റെ വക്കത്ത് ഒരു വീട് എന്നിവയെല്ലാം സ്‌നേഹബന്ധങ്ങളുടെ വ്യത്യസ്തതലങ്ങളിലൂടെ നമ്മെ കൊണ്ടുപോകുന്നു. സംഭാഷണങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന രീതിയാണ് 'കീറിപ്പൊളിഞ്ഞ ചകലാസി'ല്‍ സ്വീകരിച്ചിട്ടുള്ളത്. അമ്മ തന്നെ ഓര്‍ക്കുന്നില്ലെന്ന് പറയുന്ന ഗോപിയോട് 'നിനക്ക് അമ്മയെ ഓര്‍മ്മയുണ്ടോ ഗോപീ' എന്ന മറുചോദ്യം കൊണ്ടാണ് കമലം നേരിടുന്നത്. ആ ചോദ്യം ഗോപിയോടല്ല, സമൂഹത്തോട് മുഴുവനുമാണ്.