ESSAY WRITING
××××××××××××××
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മഹാമാരികൾ.
Answers
Answer:
കഴിഞ്ഞ നൂറുവർഷത്തിനിടെ ലോകം കണ്ട ഏറ്റവും രൂക്ഷമായ പകർച്ചവ്യാധിയാണ് കൊറോണ വൈറസ് ബാധയെന്ന് ഇസ്രയേൽ ചരിത്രകാരനും ശാസ്ത്രചരിത്ര ഗ്രന്ഥകാരനുമായ യുവാൽ നോഹ ഹരാരി. സിഎൻഎൻ ചാനലിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ലോകപ്രശസ്ത ഗ്രന്ഥമായ 'സാപ്പിയൻസി'ന്റെ കർത്താവായ ഹരാരി.
വൈറസ് വ്യാപനത്തിന്റെ ഇപ്പോഴത്തെ സാഹചര്യം വളരെയേറെ ഭയപ്പെടുത്തുന്നതും ആശങ്കയുളവാക്കുന്നതുമാണ്. എന്നാൽ വിശാലമായ ചരിത്രകാഴ്ചപ്പാടിൽ നോക്കിയാൽ ഇത്തരത്തിലുള്ള നിരവധി മഹാമാരികൾ മുൻപും ഉണ്ടായിട്ടുള്ളതായി കാണാം. അതുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ നമ്മളുള്ളത് ഭേദപ്പെട്ട അവസ്ഥയാണെന്നു പറയാം. കാരണം, ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിന്തുണ ഇപ്പോൾ നമുക്കുണ്ട്.
14-ാം നൂറ്റാണ്ടിൽ പ്ലേഗ് എന്ന മഹാവ്യാധി ചൈനയും ബ്രിട്ടണും അടക്കമുള്ള ഏഷ്യൻ-യൂറോപ്യൻ രാജ്യങ്ങളിൽ വ്യാപിച്ച് ലോകത്തിലെ മൊത്തം ജനസംഖ്യയുടെ നാലിലൊന്നിനെയും കൊന്നൊടുക്കി. അന്ന് എന്താണ് സംഭവിക്കുന്നതെന്നോ എന്താണ് രോഗകാരണമെന്നോ എന്താണ് പ്രതിരോധ മാർഗമെന്നോ ആർക്കും അറിയില്ലായിരുന്നു. എന്നാൽ ഇന്ന് കൊറോണ വൈറസ് വ്യാപിച്ച് രണ്ട് ആഴ്ചയ്ക്കുള്ളിൽ വൈറസിനെ തിരിച്ചറിയാനും രോഗവ്യാപനത്തിന്റെ രീതി മനസ്സിലാക്കാനും ശാസ്ത്രത്തിന് സാധിച്ചു. അതുകൊണ്ടാണ് പറയുന്നത് ചരിത്രത്തിലെ മറ്റേതൊരു സാഹചര്യത്തേക്കാളും മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഇന്ന് നമ്മൾ ഉള്ളത്.
എനിക്കുതോന്നുന്നത് ഈ സാഹചര്യത്തെ മറികടക്കുന്നതിനുള്ള ഏറ്റവും വലിയ വെല്ലുവിളി ലോകത്ത് നിലനിൽക്കുന്ന അനൈക്യമാണ്. വിവിധ രാജ്യങ്ങൾ തമ്മിലുള്ള കൃത്യമായ സഹകരണവും ആസൂത്രണവും ഇല്ലാതെ, പരസ്പര വിശ്വാസം ഇല്ലാതെ ഈ സാഹചര്യത്തെ മറികടക്കാൻ സാധിക്കില്ല. ഉദാഹരണത്തിന് 2008ലെ സാമ്പത്തിക മാന്ദ്യവുമായി ഇപ്പോഴത്തെ സാഹചര്യത്തെ താരതമ്യം ചെയ്താൽ ചില കാര്യങ്ങൾ വ്യക്തമാകും. ഇവ രണ്ടും തികച്ചും വ്യത്യസ്തമായ പ്രതിസന്ധികളാണെങ്കിലും ഇവയ്ക്ക് ചില സമാനതകളുണ്ട്.
2008ലെ സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ പ്രതിസന്ധികളെ മറികടക്കുന്നതിന് ശേഷിയുള്ള നേതൃത്വവും അതിനെ വിശ്വാസത്തിലെടുക്കുന്ന ജനതയുമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ നാലു വർഷത്തിനിടയിൽ അന്താരാഷ്ട്ര രംഗത്ത് പരസ്പര വിശ്വാസത്തിന്റെ വലിയ അഭാവം ഉണ്ടായിട്ടുണ്ട്. 2008ലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തായാലും 2014ലെ എബോള ബാധയുടെ കാലത്തായാലും അമേരിക്കയിൽ ഒരു നേതൃത്വത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. എന്നാൽ അന്താരാഷ്ട്ര രംഗത്ത് ഇപ്പോൾ അമേരിക്കയ്ക്ക് അത്തരമൊരു നേതൃസ്ഥാനമില്ല. നേതൃത്വത്തിന്റെയും സഹകരണത്തിന്റെയും ഈ അഭാവമാണ് ഇതുപോലുള്ള മഹാമാരിയുടെ കാലത്ത് ഏറ്റവും വലിയ പ്രശ്നം.
2014ൽ പടിഞ്ഞാറൻ ആഫ്രിക്കയിൽ മ്യൂട്ടേഷൻ സംഭവിച്ച ആദ്യ വൈറസ് ഒരു വ്യക്തിയിലെത്തുകയും അത് പടർന്ന് എബോള എന്ന മഹാവ്യാധി രൂപമെടുക്കുകയുമായിരുന്നു. പിന്നീട് ലോകത്ത് അതിന്റെ വ്യാപനം അതിവേഗത്തിലായിരുന്നു. അതുപോലെതന്നെയാണ് ഇപ്പോൾ കൊറോണയുടെ കാര്യത്തിലും സംഭവിക്കുന്നത്.
നിരവധി തരത്തിലുള്ള വൈറസുകളാൽ ചുറ്റപ്പെട്ട അന്തരീക്ഷത്തിലാണ് മനുഷ്യൻ ജീവിക്കുന്നത്. മനുഷ്യനും വൈറസുകൾക്കുമിടയിൽ ഒരു അതിർത്തിയുണ്ട്. എപ്പോഴെങ്കിലും ഈ അതിർത്തി ലംഘിക്കപ്പെടുമ്പോൾ അത് മനുഷ്യവംശത്തെത്തന്നെ അപകടപ്പെടുത്തും. ഈ അതിർത്തിയെക്കുറിച്ച് നാം മനസ്സിലാക്കണം. ഉദാഹരണത്തിന് ഒരു വവ്വാലിന്റെ ശരീരത്തിൽ ജനിതകവ്യതിയാനം സംഭവിച്ച ഒരു വൈറസ് രൂപമെടുക്കുകയും പിന്നീടത് മനുഷ്യശരീരത്തിൽ എത്തിപ്പെടുകയും ചെയ്താൽ അത് മനുഷ്യവംശത്തിന് തന്നെ ഭീഷണിയായി മാറാം.
മഹാവ്യാധിയുടെ ഇത്തരമൊരു സാഹചര്യത്തിൽ പരമപ്രധാനം വിശ്വാസമാണ്. ജനങ്ങൾ അവരുടെ സർക്കാരുകളെ വിശ്വസിക്കണം. മാധ്യമങ്ങൾ തങ്ങളുടെ പ്രശ്നങ്ങൾ ലോകത്തെ അറിയിക്കുമെന്ന വിശ്വാസം വേണം. ലഭിക്കുന്ന വിവരങ്ങൾ വിശ്വാസത്തിലെടുത്ത് അതിനനുസരിച്ച് പ്രവർത്തിക്കാൻ ജനങ്ങൾക്ക് സാധിക്കണം. എന്നാൽ പലപ്പോഴും ഇത്തരം മഹാവ്യാധികൾ ഒരു സാമൂഹ്യമായ പ്രശ്നമായി തീരുകയാണ്. സാമൂഹ്യമായി ഇടപെടാനും മറ്റുള്ളവരെ സാഹായിക്കാനും മനുഷ്യർക്ക് സാധിക്കാതെവരുന്നു.
വൈറസ് ബാധയുടെ കാര്യത്തിൽ മനുഷ്യന്റെ ഏറ്റവും നല്ല ഗുണങ്ങൾ പലതും അവന് എതിരായിത്തീരുന്നു. സാധാരണഗതിയിൽ ഒരാൾ അസുഖബാധിതനായാൽ അയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും അയാളെ സന്ദർശിക്കാനായി എത്തുകയും സഹായങ്ങളെത്തിക്കുകയും പരിചരിക്കുകയും ചെയ്യും. വൈകാരിക പിന്തുണ പ്രകടിപ്പിക്കാൻ രോഗിയെ സ്പർശിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്യും. എന്നാൽ ഈ രീതികളെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് വൈറസ് ഒരാളിൽനിന്ന് മറ്റൊരാളിലേയ്ക്ക് പകരുന്നത്. മനുഷ്യന്റെ നല്ല വശങ്ങളെയാണ് വൈറസ് നമുക്കെതിരായി ഉപയോഗിക്കുന്നത്.
നമ്മുടെ രാജ്യത്തിന്റെ അതിർത്തികൾ സുരക്ഷിതമാക്കിയാൽ ഇത്തരമൊരു വൈറസിൽനിന്ന് നമുക്ക് രക്ഷപ്പെടാം എന്ന ധാരണ തെറ്റാണ്. പകരം മനുഷ്യനും വൈറസും തമ്മിലുള്ള അതിർത്തി സുരക്ഷിതമാക്കുകയാണ് ചെയ്യേണ്ടത്. അതിന് രാജ്യാതിർത്തികൾക്ക് ഉപരിയായുള്ള സഹകരണം ആവശ്യമാണ്. ചൈനയിലോ ഇറ്റലിയിലോ ഉണ്ടായ ഒരു രോഗബാധ എന്നതിനു പകരം ലോകത്തിന്റെ പൊതുവായ പ്രശ്നമായി അതിനെ മനസ്സിലാക്കാൻ സാധിക്കണം. അതിനായി ലോകാരോഗ്യ സംഘടന പോലെ പൊതുവായ ഏജൻസികൾ വേണം. രാജ്യങ്ങൾക്കിടയിൽ സഹകരണം വേണം. ഏതെങ്കിലും ഒരു രാജ്യത്ത് ഇത്തരമൊരു മഹാവ്യാധി ഉണ്ടായാൽ മറ്റിടങ്ങളിൽനിന്ന് ശാസ്ത്രീയമായ അറിവുകൾ, സാമ്പത്തിക സഹായം, വിദഗ്ധർ, ഉപകരണങ്ങൾ ഒക്കെ ലഭ്യമാക്കാൻ സാധിക്കണം. രോഗം ആരംഭിച്ച സ്ഥലത്തുതന്നെ അതിനെ അമർച്ചചെയ്യാൻ ലോകം ഒറ്റക്കെട്ടായി നിൽക്കുന്ന സാഹചര്യമുണ്ടാകണം.