India Languages, asked by Rinku3390, 3 days ago

മലയാളഭാഷയുടെ പ്രാധാന്യം
importance of the Malayalam language

Answers

Answered by geog5236
1

ഒരാളെ അയാളുടെ ഭാഷയിൽനിന്ന് തിരിച്ചറിയാം; ഒരു ജനതയെയും. ഓരോ വ്യക്തിക്കും സ്വന്തം വ്യക്തിത്വം ഉള്ളതുപോലെ ഭാഷയ്ക്കുമുണ്ട് അതിന്റെമാത്രം സ്വഭാവ വിശേഷങ്ങൾ. മറ്റുള്ളവരിൽനിന്ന് സ്വീകരിക്കുകയും തിരിച്ചുനൽകുകയും ചെയ്തുകൊണ്ടാണ് വ്യക്തികളും ഭാഷകളും വികസിക്കുന്നത്. ഈ പശ്ചാത്തലത്തിൽ നോക്കുമ്പോൾ സ്വന്തം ഭാഷ ഉപേക്ഷിച്ച് ഇതരഭാഷ സ്വീകരിക്കുന്ന സ്വഭാവം ആത്മവിനാശകരവും നിന്ദ്യവുമാണെന്ന് വ്യക്തം. സ്വന്തം ഭാഷയും സംസ്കാരവും ഉപേക്ഷിച്ച് അന്യമായതിന് കീഴ്പ്പെടുമ്പോൾ സാംസ്കാരികമായ അടിമത്തമാണ് സ്വീകരിക്കുന്നത്. അത്യന്തം ആപൽക്കരമായ ഈ വഴിപിഴയ്ക്കലിലേക്കല്ലേ കടുത്ത ഇംഗ്ലീഷ് മാധ്യമഭ്രാന്തിലൂടെ അറിഞ്ഞും അറിയാതെയും മലയാളികൾ വ്യതിചലിക്കുന്നത്? അതുകൊണ്ട് മലയാളഭാഷയുടെ ഭാവിയെക്കുറിച്ചുള്ള ഉൽക്കണ്ഠകൾ പങ്കുവയ്ക്കുന്നവർ സശ്രദ്ധം വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ട വിലപ്പെട്ട കൃതിയാണ് 'നമ്മുടെ ഭാഷ നമ്മുടെ സംസ്കാരം' എന്ന പ്രബന്ധസമാഹാരം. ഡോ. കാവുമ്പായി ബാലകൃഷ്ണൻ സമാഹരിച്ച ഈ ഗ്രന്ഥത്തിൽ 34 രചനകളുണ്ട്. മാതൃഭാഷയുടെ മൂല്യവും പ്രാധാന്യവും അടിവരയിടുന്ന ലഘു ഉദ്ധരണികളും ഉള്ളടക്കത്തിന് അമൂല്യദീപ്തി പകരുന്നു. ഓരോ മലയാളിയും ഗ്രന്ഥശാലയും വിദ്യാഭ്യാസസ്ഥാപനവും സ്വന്തമാക്കേണ്ട ഗ്രന്ഥമാണിത്. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലുള്ളതിനെക്കാൾ കൂടുതൽ ഇടത്തരക്കാരുണ്ട് കേരളത്തിൽ. സമ്പന്നരെപ്പോലെ ജീവിക്കാൻ മോഹിക്കുന്നവർ. ദരിദ്രരാകട്ടെ ഇടത്തരക്കാരുടെ ജീവിതനിലവാരമെങ്കിലും ആഗ്രഹിക്കുന്നു. ജീവിതസൗകര്യത്തിന്റെ കാര്യത്തിൽ ഈ മോഹങ്ങൾ പ്രതിഫലിക്കുക സ്വാഭാവികം. മക്കളുടെ പഠനകാര്യത്തിലും ഇവർ സമ്പന്നരെ “മാതൃകയാക്കുന്നു. ഇതാണ് കൂടുതൽ അപകടം. ഊട്ടിപോലുള്ള സുഖവാസകേന്ദ്രങ്ങളിലെ ഇംഗ്ലീഷ് മീഡിയംബോർഡിങ് സ്കൂളുകളാണ് ധനികർക്കും അവരെ അനുകരിക്കുന്ന ഇടത്തരക്കാർക്കും ഇഷ്ടം. ആ മാതൃകയിൽ നമ്മുടെ നാട്ടിൽ 1970കളിലും 80കളിലും തുടങ്ങിയ അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ മാതൃഭാഷാപഠനത്തിന് മാരകമായ പ്രഹരമാണ് ഏൽപ്പിച്ചത്. അതുകൊണ്ട് ബോധനമാധ്യമം, ‘ഭാഷാ പഠനം, പഠനത്തിന്റെ ലക്ഷ്യം തുടങ്ങിയവയെപ്പറ്റിയുള്ള സംക്ഷിപ്തമായ ചർച്ച പ്രശ്നത്തെക്കുറിച്ച് ശാസ്ത്രീയനിഗമനങ്ങളിലെത്താൻ നമ്മെ സഹായിക്കും. "കുട്ടികളെ പഠിപ്പിക്കേണ്ടത് ഏത് ഭാഷയിൽ എന്നകാര്യം ഒരു വലിയ വിവാദമാക്കിയ രാജ്യം ഇന്ത്യയല്ലാതെ മറ്റേതെങ്കിലും ഉണ്ടോ? കുട്ടിക്ക് ഏറ്റവും നന്നായി മനസ്സിലാകുന്നത് ഏതുഭാഷയിൽ പഠിപ്പിച്ചാലാണോ, ആ ഭാഷയിൽ വേണം കുട്ടിയെ പഠിപ്പിക്കാൻ. ഈ ലഘുസത്യം അംഗീകരിക്കാൻ നമ്മുടെ വിദ്യാഭ്യാസവിദഗ്ധർ എന്നു വിളിക്കപ്പെടുന്നവർക്ക് ഇപ്പോഴും വൈമനസ്യമാണ്. കുട്ടിക്ക് ഏറ്റവും നന്നായി മനസ്സിലാവുന്ന ഭാഷ അമ്മിഞ്ഞപ്പാലിനൊപ്പം അബോധപൂർവമായി ഉൾക്കൊള്ളുന്ന മാതൃഭാഷയാണ്. ഏതു ലളിതവിഷയം പഠിക്കുമ്പോഴും തനിക്കും വിഷയത്തിനും ഇടയ്ക്ക് വിഷയത്തിൽനിന്ന് ഭിന്നമായി ഭാഷ എന്നൊരു തിരശ്ശീല വീണുകിടപ്പുണ്ടെന്ന് കുട്ടിക്ക് തോന്നുകയേ അരുത്. അപ്പോൾമാത്രമേ പഠനത്തിൽ അയാൾക്ക് യാഥാർഥ്യബോധം അനുഭവപ്പെടൂ. അന്യഭാഷയിലൂടെയുള്ള പഠനം, കൈയുറയിട്ട് നാഡിമിടിപ്പ് പരിശോധിക്കുന്നതുപോലെയാണ്.'' പ്രശസ്ത നിരൂപകനും ചിന്തകനുമായ തായാട്ട് ശങ്കരന്റേതാണ് ഈ ഈ വാക്കുകൾ. ഈ ആശയം വ്യക്തമാക്കാൻ ഇത്രത്തോളം ഉപയുക്തമായ രചന വേറെ കണ്ടെത്താൻ കഴിയാത്തതുകൊണ്ടുകൂടിയാണ് ഒരു ഖണ്ഡിക പൂർണമായും ഉദ്ധരിച്ചത്. പഠനവുമായി ബന്ധപ്പെട്ട മൗലികമായ ഒരു ആശയമുണ്ട്. സംസ്കാരവും മൂല്യബോധവും അധ്വാനശേഷിയുമുള്ള വ്യക്തികളുടെ സമൂഹം സൃഷ്ടിക്കുകയാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യം. ഇതിന്റെ ഭാഗമായി മാനസികവും കായികവുമായ കഴിവ് വളർത്തിയെടുക്കാനാണ് പഠനപരിശീലന പദ്ധതിയിലൂടെ ശ്രദ്ധിക്കേണ്ടത്. ഇതിനായി പല വിഷയങ്ങളും ഭാഷകളും പഠിക്കുകയും പരിശീലിക്കുകയും ചെയ്യേണ്ടതുണ്ട്. ഇക്കാരണത്താൽ പഠനത്തിന് ശാസ്ത്രീയമായ അടിത്തറ ഇടാനാകുന്നത് ബോധനമാധ്യമം മാതൃഭാഷയായിരിക്കുമ്പോഴാണ്. ഏതുവിഷയവും പുതിയ ഏതു‘ഭാഷയും നന്നായി പഠിക്കുന്നതിന് മാതൃഭാഷയിൽ നല്ല അടിത്തറ ഉണ്ടാകുകയാണ് ആദ്യം വേണ്ടത്. ഇക്കാര്യം ജർമനി, ഇറ്റലി, ഇംഗ്ലണ്ട്, ഫ്രാൻസ്, റഷ്യ, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങളെല്ലാം ശാസ്ത്രമേഖലയിൽ കൈവരിച്ച വളർച്ചയിൽനിന്നും പുരോഗതിയിൽനിന്നും മനസ്സിലാക്കാം. നന്നായി പഠിക്കാനുള്ള അടിത്തറയിട്ടുകഴിഞ്ഞാൽ ശാസ്ത്രസാമൂഹ്യശാസ്ത്ര വിഷയങ്ങളാകട്ടെ, കഠിനവ്യാകരണമുള്ള ഭാഷയോ കലയോ ആകട്ടെ എന്തും ഹൃദയത്തിലും തലച്ചോറിലും പതിയുംവിധം പഠിക്കാനാകും. നെൽസൺ മണ്ടേല പറഞ്ഞത് വളരെ ശരിയാണ്. “നിങ്ങൾ ഒരാളോട് അയാൾക്ക് മനസ്സിലാകുന്ന ഭാഷയിൽ സംസാരിക്കുമ്പോൾ അയാളുടെ തലച്ചോറിൽ കടക്കുന്നു. അയാളുടെ സ്വന്തം ‘ഭാഷയിൽ സംസാരിക്കുമ്പോൾ അയാളുടെ ഹൃദയത്തിൽ പ്രവേശിക്കുന്നു. അധ്യയനഭാഷ വിദ്യാർഥിയുടെ ‘ഭാഷയിൽനിന്ന് വിഭിന്നമായിരിക്കുന്ന സ്ഥിതി ലോകത്ത് ഇന്ത്യയൊഴിച്ച് വേറൊരു രാജ്യത്തും കാണാനാകില്ല എന്ന് രബീന്ദ്രനാഥ ടാഗോർ ചൂണ്ടിക്കാണിച്ച കാര്യവും ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Similar questions