Short Malayalam speech about basheer
Answers
Answer:
മലയാള സാഹിത്യത്തിൽ ഒരേയൊരു സുൽത്താനേയുള്ളൂ. ഭാഷയുടെയും വ്യാകരണത്തിന്റെയും വേലിക്കെട്ടുകൾ പൊളിച്ചെഴുതി മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ ജീവിതത്തോട് ചേർത്തു നിർത്തിയ ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ് ബഷീർ. സാധാരണക്കാരിൽ സാധാരണക്കാരനായ നാട്ടുമനുഷ്യന്റെ പച്ചഭാഷയിലുള്ള ഹാസ്യാത്മകമായ രചനകൾ വായനക്കാരനെ ഒരുപോലെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്തു. അതായിരുന്നു ആ തൂലികയുടെ ശക്തിയും. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് ജൂലായ് 5ന് 22
വയസ് തികയുകയാണ്.
ഒരിക്കലും അലക്കിത്തേച്ച വടിവൊത്ത ഭാഷയിൽ അദ്ദേഹം എഴുതിയില്ല. ഇത് മലയാളത്തിലെ മറ്റൊരു സാഹിത്യകാരനും അവകാശപ്പെട്ടാൻ സാധിക്കാത്തവിധം ബഷീറിനെ ജനകീയനാക്കി. തന്റേതുമാത്രമായ വാക്കുകളും ശൈലികളുമായുന്നു ബഷീറിന്റെ സവിശേഷത. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ രചനാരീതി ബഷീറിയൻ ശൈലി എന്നു തന്നെ അറിയപ്പെട്ടു.
ബാല്യകാല സഖി, പാത്തുമ്മായുടെ ആട്, പ്രേമലേഖനം, മതിലുകൾ, ശബ്ദങ്ങൾ, ന്റൂപ്പുപ്പാക്കൊരാനേണ്ടാർന്ന്, പാവപ്പെട്ടവരുടെ വേശ്യ, മുച്ചീട്ടുകളിക്കാരന്റെ മകൾ, വിശ്വവിഖ്യാതമായ മൂക്ക്, വിഡ്ഢികളുടെ സ്വർഗം എന്നിങ്ങനെ മലയാളി എന്നും ഓർത്തുവയ്ക്കുന്ന രചനകൾ ആ തൂലികയിൽ നിന്ന് പിറവിയെടുത്തു. ജീവിതത്തോട് ചേർന്ന് നിൽക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ രചനകൾ, താൻ കണ്ടുമുട്ടിയിട്ടുള്ള കഥാപാത്രങ്ങളെ അദ്ദേഹം രചനകളിലും ആവിഷ്കരിച്ചു.