write a essay about discipline in malayalam
Answers
I don't know Malayalam
ബാഹ്യമോ ആന്തരികമോ ആയ പ്രേരണമൂലം ജീവജാലങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന ശിക്ഷണബോധത്തെയാണ് അച്ചടക്കം എന്ന വാക്കിനാൽ അർഥമാക്കുന്നത്. അച്ചടക്കം എന്ന പദം ഇംഗ്ളീഷിലെ ഡിസിപ്ളിന് (discipline) സമാനമായിട്ടാണ് സാധാരണ പ്രയോഗിച്ചുവരുന്നത്. ഡിസിപ്ളിൻ എന്ന പദത്തിന് പരിശീലനം, അധീനത്തിൽ കൊണ്ടുവരിക എന്നെല്ലാം അർഥങ്ങളുണ്ട്. ഡിസിപ്ളിൻ പാലിക്കുന്നവനാണ് ഡിസൈപ്പിൾ (disciple). ഡിസിപ്ളിൻ എന്ന പദത്തിന് ഓരോ കാലത്തുണ്ടായ അർഥഭേദങ്ങളെയെല്ലാം കണക്കിലെടുത്തുകൊണ്ട് പെരുമാറ്റത്തിലും പ്രവൃത്തിയിലും പ്രത്യേകം അധ്യയനാഭ്യാസങ്ങൾ നൽകി ശിഷ്യരെയും അനുയായികളെയും കീഴുദ്യോഗസ്ഥൻമാരെയും സൈനികരെയും നിർദിഷ്ട പരിശീലനക്രമങ്ങളിൽ ഉറപ്പിച്ചുനിർത്തുന്ന പ്രക്രിയ എന്നും അച്ചടക്കത്തെ നിർവചിക്കാം. അച്ചിൽ - ഒരു നിർദിഷ്ട രൂപമാതൃകയിൽ - അല്ലെങ്കിൽ പെരുമാറ്റരീതിയിൽ (mould or pattern) അടങ്ങൽ എന്നും അച്ചം (ഭയം) കൊണ്ടുള്ള അടക്കം എന്നും അച്ചടക്കത്തിന് മലയാളമഹാനിഘണ്ടുവിൽ അർഥം പറഞ്ഞുകാണുന്നു.
ചിട്ടപ്പെടുത്തിയ പെരുമാറ്റരീതികളെ ഉദ്ദേശിച്ചാണ് സാധാരണയായി അച്ചടക്കമെന്ന പദം പ്രയോഗിക്കുന്നത്. പട്ടാളച്ചിട്ടയെ സൂചിപ്പിക്കുന്നതിന് മിലിട്ടറി ഡിസിപ്ളിൻ (military discipline) എന്നുപറയുന്നു. ഒരു സ്ഥാപനത്തിൽ ക്രമവും ചിട്ടയും കാണുന്നെങ്കിൽ അവിടെ നല്ല അച്ചടക്കമുണ്ടെന്നു പറയുക സാധാരണമാണ്. എന്നാൽ ബാഹ്യമായ ക്രമം (order) മാത്രമല്ല അച്ചടക്കം അഥവാ വിനയം. അത് ആഭ്യന്തരമായുണ്ടാകേണ്ട സ്വയംനിയന്ത്രണം കൂടിയാണ്.
പലരും ക്രമം പാലിക്കുന്നത് അധികാരത്തെ ഭയന്നാണ്. എന്നാൽ യഥാർഥ വിനയമാകട്ടെ ആത്മനിയന്ത്രണത്തിൽനിന്നും ഉദ്ഭൂതമാകുന്ന മനോദാർഢ്യത്തിന്റെ ഫലമാകുന്നു. സ്വാതന്ത്ര്യവും വിനയവും ഒന്നിച്ചു പോകേണ്ട രണ്ടു വിശിഷ്ടഗുണങ്ങളാണ്. സ്വാതന്ത്ര്യം എന്തും ചെയ്യാനുള്ള ലൈസൻസല്ല. നിയമത്തിനു വിധേയമായി പ്രവർത്തിക്കുവാനുള്ള അവകാശമാണ്. പൊതുനൻമയെ ലാക്കാക്കി മനുഷ്യൻ ചില നിയമങ്ങൾക്കു വിധേയനാകേണ്ടിയിരിക്കുന്നു. ഇതാണ് നാഗരികജീവിതത്തിന്റെ അടിത്തറ. നിയമമില്ലാത്തിടത്ത് അരാജകത്വം വളരും; സുരക്ഷിതത്വം നശിക്കും. നിയന്ത്രണം കൂടുന്തോറും സ്വാതന്ത്യ്രം കുറയും; സ്വാതന്ത്യ്രം കൂടുന്തോറും നിയന്ത്രണം കുറയും. എത്രമാത്രം സ്വാതന്ത്ര്യം, എത്രമാത്രം നിയന്ത്രണം എന്നതാണ് പ്രശ്നം. ഒരാളുടെ പ്രവർത്തനസ്വാതന്ത്ര്യം മറ്റൊരാളുടെ അവകാശത്തെ ധ്വംസിച്ചുകൂടാ. സ്വാതന്ത്യ്രത്തോടൊപ്പം ഒരുവന് ഉത്തരവാദിത്തവുമുണ്ട്. ഒരു നല്ല പൌരന് അന്യരോടും അവനവനോടു തന്നെയും ഉത്തരവാദിത്തം ഉണ്ടായിരിക്കണം. അന്യരുടെ അവകാശങ്ങൾ അനുവദിക്കുന്നതിൽ ശ്രദ്ധാലുവായിരിക്കുക, അവനവന്റെ സിദ്ധികളെ തനിക്കും മറ്റുള്ളവർക്കും ഗുണപ്രദമാംവണ്ണം വളർത്തുന്നതിൽ ഉത്സുകനായിരിക്കുക ആദിയായവയാണ് ഒരുവന്റെ ചുമതലകൾ. ഓരോരുത്തരും ആരംഭത്തിൽ മുതിർന്നവരുടെ നിയന്ത്രണത്തിന് വിധേയരായി അച്ചടക്കം പാലിച്ച് സ്വയം നിയന്ത്രിക്കുവാനുളള കഴിവ് ആർജിക്കുകയാണ് വേണ്ടത്. നൻമയും തിൻമയും വിവേചനം ചെയ്തു നൻമയോടുള്ള താത്പര്യവും തിൻമയോടുള്ള വെറുപ്പും മൂലം ഒരാൾ തന്റെ വ്യാപാരങ്ങളെ സ്വയം നിയന്ത്രിച്ചുതുടങ്ങുമ്പോൾ വിനയബോധമുണ്ടായിത്തുടങ്ങിയെന്നു പറയാം. ചുരുക്കത്തിൽ യഥാർഥമായ അച്ചടക്കം ആത്മനിയന്ത്രണ ഫലമായുണ്ടാകുന്നതാണ്.