Essay on water precious dont waste it in malayalam
Answers
Answer:
മലിനജലം എന്നൊന്നില്ല, നമ്മൾ മലിനമാക്കുന്ന ജലമേ ഉള്ളൂ– എത്ര ശരിയാണീ ചൊല്ല്. നമ്മൾ അഥവാ മനുഷ്യരുടെ ഇടപെടൽകൊണ്ടു മാത്രമാണ് ജലവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഉണ്ടായിട്ടുള്ളത്. ജലക്ഷാമം, ജലമലിനീകരണം, ജലതർക്കം– ഭൂമിയിലെ മറ്റൊന്നിനും ഇത്തരം കാര്യങ്ങളുമായി ഒരുബന്ധവുമില്ല. അടുത്തനാൾ വരെ കാശുമുടക്കില്ലാതെ കിട്ടിക്കൊണ്ടിരുന്നതിനാൽ ഒരു ആലോചനയും കൂടാതെ നമ്മൾ മദിച്ചു തിമർത്ത് ജലം ഉപയോഗിച്ചുകൊണ്ടിരുന്നു. ലളിതമായ ഈ കണക്കൊന്നു നോക്കൂ...
ടൗണിലേക്ക് ഇറങ്ങുമ്പോൾ, അല്ലെങ്കിൽ യാത്രാവേളകളിൽ എല്ലാവരുടെയും കയ്യിൽ ഒരുകുപ്പി വെള്ളം ഉണ്ടാവുമല്ലോ. നമ്മുടെ നാട്ടിൽ ഇന്ന് കുപ്പിവെള്ളത്തിനു ശരാശരി 20 രൂപ വിലയുണ്ട്. നമ്മുടെ വീടുകളിലെ കാര്യം എടുത്താലോ...?നാല് അംഗങ്ങളുള്ള ഒരുവീട്ടിൽ ദിവസവും രണ്ടായിരം ലീറ്റർ വെള്ളം കൊള്ളുന്ന ടാങ്ക് നിറയ്ക്കുകയും കാലിയാക്കുകയും ചെയ്യും. അതായത് ഒരുദിവസത്തെ ഉപയോഗം ശരാശരി രണ്ടായിരം ലീറ്റർ. ഒരുമാസം 60,000 ലീറ്റർ. അതായത് ഒരുമാസം 12 ലക്ഷം രൂപയുടെ വെള്ളം. ഇത്രമാത്രം വിലയുള്ള വെള്ളമാണു നമ്മൾ ഒരു നിയന്ത്രണവും ഇല്ലാതെ ഉപയോഗിച്ചു തീർക്കുന്നത്. മാർച്ച് 22ന് നമ്മൾ ആഘോഷപൂർവം കൊണ്ടാടുന്ന ലോക ജലദിനത്തിന്റെ ചെലവിലാണ് ഈ ജലവിചാരങ്ങൾ. ശുദ്ധമായ കുടിവെള്ളത്തിന്റെ പ്രാധാന്യവും അതു സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ലോകത്തെ ബോധ്യപ്പെടുത്താനാണ് യുഎൻ ജലദിനാചരണം പ്രഖ്യാപിച്ചിരിക്കുന്നത്. 1993 മാർച്ച് 22 മുതലാണ് യുഎൻ ലോക ജലദിനം ആചരിക്കാൻ തുടങ്ങിയത്.
ലോക ജനസഖ്യയുടെ പത്തിലൊന്നും വീടിനു കിലോമീറ്ററുകളോളം ദൂരത്തുപോലും ആവശ്യത്തിനു കുടിവെള്ളം ഇല്ലാതെ, ഒരുപാത്രം വെള്ളത്തിനായി മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ട സാഹചര്യത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഒരുവിധ ശുദ്ധീകരണ പ്രക്രിയകളും കൂടാതെയാണ് ഇക്കാലത്ത് നമ്മുടെ വീടുകൾ, വ്യവസായ സ്ഥാപനങ്ങൾ, ഓടകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ നിന്നൊക്കെയുള്ള അശുദ്ധജലം നമ്മുടെ മറ്റു ജലസ്രോതസ്സുകളിലേക്കും ഇറങ്ങുന്നത് ഒരുതരത്തിലുള്ള ശുദ്ധീകരണവും കൂടാതെയാണ്. വിവിധതരത്തിൽ നടത്തുന്ന ജലശുദ്ധീകരണം കൊണ്ടു മനുഷ്യനും പ്രകൃതിക്കും ഉണ്ടാകുന്ന സൗഖ്യവും ദീർഘായുസ്സും ലോകത്തെ ബോധ്യപ്പെടുത്താനുള്ള ഒരു ശ്രമം കൂടിയാണ് ജലദിനാചരണം.
കഴിയാഞ്ഞിട്ടല്ല; മടി മാറണ്ടേ!
44 നദികളും ചതുരശ്രകിലോമീറ്ററിൽ ശരാശരി 200 കിണറുകളും ധാരാളം കുളങ്ങളും തോടുകളും കൊണ്ടു സമ്പന്നമായ ഒരു നാട്ടിൽ കുടിവെള്ളം തേടി ആളുകൾ പരക്കം പായുകയാണെന്നു പറഞ്ഞാൽ, ആ നാടിനും നാട്ടുകാർക്കും എന്തോ പ്രശ്നമുണ്ടെന്ന് ഉറപ്പാണ്. ഇഷ്ടംപോലെ ജലമുണ്ടെന്നും അത് എന്നും ഇവിടെ ഇതുപോലെതന്നെ കാണുമെന്നും നമുക്ക് തോന്നിയപോലെ ഉപയോഗിക്കാമെന്നും ഉള്ള അഹങ്കാരമായിരുന്നു നമ്മുടെ പ്രശ്നം. ജലസ്രോതസ്സുകൾ കാത്തുസംരക്ഷിച്ചിരുന്നെങ്കിൽ, പെയ്യുന്ന മഴയുടെ 20 ശതമാനമെങ്കിലും സംഭരിച്ചിരുന്നെങ്കിൽ കുടിവെള്ളത്തിനായി കുടങ്ങൾ വരിനിൽക്കുന്ന കാഴ്ചതന്നെ കേരളത്തിൽ ഉണ്ടാകുമായിരുന്നില്ല.
ജലദൗർലഭ്യത്തിനു പറയാൻ നൂറുനൂറു കാരണങ്ങൾ ഉണ്ട്. ഭൂരിഭാഗവും നമ്മുടെ അശ്രദ്ധകൊണ്ടും അലസതകൊണ്ടും ലാഭക്കൊതികൊണ്ടും സംഭവിക്കുന്നവ തന്നെ. അതിനുള്ള പരിഹാരവും നമുക്കറിയാം, പക്ഷേ എന്തുകൊണ്ടോ ആരും ചെറുവിരൽ പോലുമനക്കുന്നില്ല. അങ്ങിന്നു നടക്കുന്ന ചില നല്ലകാര്യങ്ങൾ കാണാതിരിക്കുന്നില്ല. പക്ഷേ, അതുകൊണ്ടൊന്നും ഒന്നുമാകുന്നില്ലെന്നു മാത്രം. ജലസംരക്ഷണത്തിനായി ഇനി ശ്രമിക്കേണ്ടതു നമ്മുടെ കടമയായി കരുതണം. അത്യാവശ്യമുള്ളതിൽ കൂടുതൽ ഒരുതുള്ളി വെള്ളം പോലും ഉപയോഗിക്കില്ലെന്നു പ്രതിജ്ഞയെടുക്കണം.
സമഗ്രമായ ജല മാനേജ്‌മെന്റിനു മാത്രമാണു കേരളത്തെ രക്ഷിക്കാനാവുക. മഴവെള്ളക്കൊയ്‌ത്തു മുതൽ മാലിന്യ സംസ്‌കരണ പ്ലാന്റോടുകൂടിയ ഡ്രെയ്‌നേജ് സംവിധാനം വരെ ഉൾപ്പെടുന്ന പരസ്‌പരബന്ധിത പ്രവർത്തനങ്ങൾക്കു സർക്കാരും തദ്ദേശസ്‌ഥാപനങ്ങളും ജനങ്ങളും കൈകോർക്കണം. ഇത്തരം സമഗ്രപരിപാടികൾ ചില വിദേശരാജ്യങ്ങൾ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. പാഴാക്കാനായി ഇല്ലൊരു തുള്ളി വെള്ളവും എന്ന തിരിച്ചറിവിൽ തന്നെയാവണം കേരളം മുന്നോട്ടുപോകേണ്ടത്.