India Languages, asked by sjungwoolover, 9 months ago

write editorial of flood in Malayalam

Answers

Answered by AnamikaSharma01
3

Answer:

HERE IS YOUR ANSWER MATE (PLS MAKE THIS BRAINLIEST)

Explanation:

കേരളം അനുഭവിച്ച ഈ പ്രളയദിവസങ്ങൾ കാലം എന്നുമോർമയിൽ സൂക്ഷിക്കും; മഹാനഷ്ടങ്ങളുടെ പേരിൽ മാത്രമല്ല, രക്ഷയ്ക്കായി ഉയർന്ന ആയിരമായിരം കരങ്ങളുടെ പേരിലും. പ്രളയജലം ലക്ഷക്കണക്കിനുപേരെ നഷ്ടങ്ങളുടെ ആഴത്തിലേക്കു താഴ്ത്തുമ്പോൾ, സ്നേഹസാഹോദര്യങ്ങൾ ഒരുമിപ്പിച്ച അതിലുമെത്രയോ പേർ അവരെ ജീവിതത്തിലേക്ക് ഉയർത്താനുമുണ്ടായി. കേരളത്തിലുള്ളവർക്കൊപ്പം മറുനാടൻ മലയാളികളും ഇതര സംസ്ഥാനക്കാരും വിദേശികളുമെല്ലാം കൈകോർക്കുമ്പോൾ കരുതലും കരുണയും കൊണ്ടുമാത്രം ഒരു സ്നേഹലോകം നിർമിക്കപ്പെടുകയാണ്.

പ്രളയകേരളത്തെ കൈപിടിച്ചുയർത്താൻവേണ്ടി ബഹുമുഖതലങ്ങളിൽ ഉണ്ടാവുന്ന മാതൃകാപരമായ ശ്രമങ്ങൾ മാനുഷികതയെക്കുറിച്ചും നന്മയെക്കുറിച്ചുമുള്ള സംഘഗാനമായിക്കൂടി നാം കേൾക്കുന്നു. പ്രളയജലത്തിലാണ്ട സഹജീവികളുടെ ജീവരക്ഷയ്ക്കായി സ്വജീവൻ വെടിയേണ്ടിവന്ന രക്ഷാപ്രവർത്തകരെ കേരളം എക്കാലവും ആദരത്തോടെ ഓർമിക്കുകയും ചെയ്യും. കടലിന്റെ മക്കൾ കരയിലെ രക്ഷകരായി വന്നില്ലായിരുന്നെങ്കിൽ ദുരന്തത്തിന്റെ മുഖം മാറിയേനെ. നമ്മുടെ തീരദേശങ്ങളിലുള്ള നൂറുകണക്കിനു മൽസ്യത്തൊഴിലാളികളാണ് ലോറികളിൽ വള്ളം കയറ്റിവന്നും മറ്റും ദൗത്യത്തിൽ സജീവപങ്കാളികളായത്. രക്ഷയുടെ കരങ്ങൾ ഏതുവഴി വരുമെന്നറിയാതെ മരണത്തെ മുഖാമുഖംകണ്ടു കഴിഞ്ഞവരുടെ കൺമുന്നിലേക്കു തലമുറകളുടെ അനുഭവസമ്പത്തുമായി അവരെത്തി. മീൻപിടിത്തത്തിന് ഉപയോഗിക്കുന്ന ചെറുവള്ളങ്ങൾ മുതൽ വലിയ ബോട്ടുകൾ വരെ അവരുടെ പക്കലുണ്ടായിരുന്നു.

ഓരോ പ്രദേശത്തുനിന്നും നൂറുകണക്കിനുപേരെ രക്ഷിച്ചു തീരങ്ങളിലേക്കു തൃപ്തിയോടെ തിരിച്ചുപോവുമ്പോൾ കൂപ്പുകൈകളും നന്ദിവാക്കുകളും അവർക്കൊപ്പമുണ്ടാവുകയും ചെയ്തു. പ്രളയത്തിൽ മുങ്ങിയ നാടിനുവേണ്ടി നൂറുകണക്കിനു യുവജനങ്ങൾ കൈമെയ് മറന്നു പ്രവർത്തിക്കുന്ന കാഴ്ച, ദുരന്തമുഖങ്ങളിലും ദുരിതാശ്വാസ ക്യാംപുകളിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞുനിൽക്കുമ്പോൾ നമുക്ക് ഉറപ്പാവുന്നു: ലക്ഷ്യബോധത്തോടെയും സാമൂഹികപ്രതിബദ്ധതയോടെയും ഇവർക്കു നവകേരളം രചിക്കാനാവും; നാടിന്റെ ഭാവി ഈ യുവതയിൽ സുരക്ഷിതമായിരിക്കും. കേരളത്തിലെ ചെറുപ്പക്കാരുടെ കാമ്പും കരുത്തും മുതിർന്നവർക്കു തിരിച്ചറിയാൻകൂടി ഈ ദിവസങ്ങൾ കാരണമാവുന്നു.

ഇതിനിടെ, സ്നേഹവും കരുണയും അടയാളചിഹ്നങ്ങളാവുന്ന എത്രയെത്ര കാഴ്ചകൾ കേരളം കണ്ടു: മലപ്പുറം വേങ്ങരയിലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ആളുകൾക്കു ചവിട്ടിക്കയറാൻ ചെളിവെള്ളത്തിൽ മുട്ടുകുത്തിനിന്ന് സ്വന്തം മുതുകു കാട്ടിക്കൊടുത്ത ജൈസൽ, ഉറുമ്പ് അരിമണി കൂട്ടിവയ്ക്കും പോലെ കാത്തുസൂക്ഷിച്ച കുടുക്കകൾ ദുരിതാശ്വാസനിധിക്കായി പൊട്ടിച്ച കുട്ടികൾ, വെള്ളപ്പൊക്കത്തിൽ നാടു ദുരിതമനുഭവിക്കുമ്പോൾ വിവാഹസൽക്കാരങ്ങൾ ഒഴിവാക്കി ആ തുക നൽകിയവർ, ദുരിതമനുഭവിക്കുന്നവർക്കുമുന്നിൽ സ്നേഹസാഹോദര്യത്തോടെ വാതിലുകൾ തുറന്നുവച്ച ആരാധനാലയങ്ങൾ...

ജനങ്ങളുടെയും കേന്ദ്ര – സംസ്ഥാന സേനകളുടെയും സഹായത്തോടെ സർക്കാരും സമൂഹവും നടത്തിയ രക്ഷാദൗത്യം ചരിത്രമാവുന്നു. മുഖ്യമന്ത്രി പിണറായി വിജയൻതന്നെ നേരിട്ടു മേൽനോട്ടം വഹിച്ച ബൃഹദ് ദൗത്യത്തിൽ വിവിധ സർക്കാർ വകുപ്പുകൾക്കൊപ്പം ദുരന്തനിവാരണ സേന, ആർമി, എയർഫോഴ്സ്, നേവി, കോസ്റ്റ് ഗാർഡ്, പൊലീസ്, ഫയർഫോഴ്സ് തുടങ്ങിയ വിവിധ വിഭാഗങ്ങൾ മാതൃകാപരമായി, ദിവസങ്ങളോളമാണു വിശ്രമമില്ലാതെ രക്ഷാപ്രവർത്തനം നടത്തിയത്.

മറക്കില്ല, മറക്കാനാവില്ല കേരളത്തിന് ഇതൊന്നും. പ്രളയത്തിൽനിന്നു നാടിന് ഉയർന്നുപൊങ്ങാൻ നീണ്ട സഹായഹസ്‌തങ്ങളിലെ മാനവികതയുടെ മഹനീയത നമുക്ക് എന്നേക്കും എടുത്തുവയ്ക്കാനുള്ളതാണ്. ഒരു തരത്തിലുമുള്ള വേർതിരിവില്ലാതെ, ഒരുമയോടെ കേരളം ഒരേ ലക്ഷ്യത്തിനുവേണ്ടി കൈകോർത്തുനിൽക്കുന്ന അനുപമമായ കാഴ്ചയാണിത്; ലോകത്തിനുമുന്നിൽ, ഭാവികേരളത്തിനു മുന്നിലും നാം വയ്ക്കുന്ന മാതൃക. നാം ഒരേ സ്വരത്തിൽ ഉറക്കെ വിളംബരം ചെയ്യുന്നു: ഇതാണു കേരളം.

Similar questions